വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ പകരുന്ന 60 ഓളം ചിത്രങ്ങള്‍ ഇന്നു (ജൂണ്‍ 27) മേളയെ സമ്പന്നമാക്കും. ഇതില്‍ 32 എണ്ണവും മല്‍സരവിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക. അന്താരാഷ്ട്ര വിഭാഗത്തിലും ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തിലും മികച്ച ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ ദിനം. വികസനപ്രവര്‍ത്തനങ്ങളുടെ ഫലമായി നാശത്തിന്റെ വക്കിലെത്തിയ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക്കിന്റെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു സമൂഹത്തിന്റെ കഥ പറയുന്ന ചിത്രമാണ് 52 മിനിട്ട് ദൈര്‍ഘ്യമുള്ള 'പ്ലോട്ടിങ് ലൈഫ്'. പരിസ്ഥിതി പ്രശ്‌നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചുള്ള മൂകാഭിനയമാണ് സംവിധായകന്‍ ഹൗബാം പബന്‍ കുമാര്‍ സ്വീകരിച്ചിരിക്കുന്നത്. ലോങ് ഡോക്യുമെന്ററി മത്സരവിഭാഗത്തിലാണ് ഇന്ന് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
കാമ്പസ് മത്സര വിഭാഗത്തില്‍ മൂന്നും മ്യൂസിക് വീഡിയോ വിഭാഗത്തില്‍ അഞ്ചും ഷോര്‍ട്ട് ഡോക്യുമെന്ററി വിഭാഗത്തില്‍ ഏഴും ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. രണ്ടാം ദിവസമായ ഇന്ന് 11 ചിത്രങ്ങളാണ് ഷോര്‍ട്ട് ഫിക്ഷന്‍ വിഭാഗത്തില്‍ മത്സരത്തിനെത്തുന്നത്.
ഫിലിം മേക്കര്‍ ഇന്‍ ഫോക്കസില്‍ കശ്മീരി സംവിധായകന്‍ അമിത് ദത്തയുടെ നളന്റെയും ദമയന്തിയുടെയും പ്രണയകഥ പറയുന്ന 'ചിത്രശാല'യും 'ഈവന്‍ റെഡ് കാന്‍ ഡി സാഡ്' ഉള്‍പ്പെടെ നാല് ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. വാക്കുകള്‍ക്കും ചിത്രങ്ങള്‍ക്കും ഇടയില്‍ സങ്കലനം വ്യക്തമാ ക്കുന്ന ഒരു കലാകാരന്റെ ഛായാചിത്രം പങ്കുവയ്ക്കുന്നതാണ് ഈവന്‍ റെഡ് കാന്‍ ഡി സാഡ്' എന്ന സിനിമ.
അനിമേഷന്‍ ചിത്രങ്ങളുടെ വിഭാഗത്തില്‍ ജര്‍മ്മന്‍ അനിമേഷന്‍ ചിത്രമായ 'ഏലിനേഷനും' ജനീവ തടാകത്തിന്റെ കഥ പറയുന്ന നിശ്ശബ്ദ ചിത്രമായ 'അയൂബ്‌ഡെ'യും ആസ്വാദകര്‍ക്ക് പുത്തന്‍ കാഴ്ചാനുഭവങ്ങള്‍ സമ്മാനിക്കും. ഷോര്‍ട്ട് ഡോക്യുമെന്ററി, സംഗീത ശില്പം എന്നീ വിഭാഗങ്ങളിലായി മൂന്നു ചിത്രങ്ങള്‍ വീതവും ഇന്ന് പ്രദര്‍ശിപ്പിക്കും. ബെസ്റ്റ് ഓഫ് ഐഡിഎ വിഭാഗത്തില്‍ കൊല്‍ക്കത്തയുടെ ലൈംഗിക തൊഴിലാളികളും അവരുടെ കുട്ടികളും നേരിടുന്ന ദാരിദ്രത്തിന്റെയും അപമാനത്തിന്റെയും കഥ പറയുന്ന 'ബോണ്‍ ഇന്‍ടു ബ്രോത്ത്ലസ്' എന്ന ചിത്രവും ഇന്ന് പ്രേക്ഷകന്റെ മുന്നിലെത്തും. റോസ് കുഫുമാന്‍, സാനാ ബ്രിസ്‌കിയും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ചിത്രം 2015 ലെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കാര്‍ അവാര്‍ഡ് നേടിയിരുന്നു.
No comments:
Post a Comment