8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Monday, 29 June 2015

സമകാലീന വിഷയ സിനിമകള്‍ ചര്‍ച്ച ചെയ്ത് മുഖാമുഖം

സാമൂഹിക പ്രതിബദ്ധത നിറഞ്ഞ സിനിമകളെ പ്രതിനിധീകരിക്കുന്ന സംവിധായകരുടെ കൂട്ടായ്മയായി അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയോട് അനുബന്ധിച്ചു ഇന്നലെ (29 ജൂണ്‍) കൈരളിയില്‍ നടന്ന മുഖാമുഖം പരിപാടി. ആദിവാസി ഗോത്രവര്‍ഗ്ഗത്തിന് അധ്യാപനം നടത്തിയുള്ള സ്വന്തം ജീവിതാനുഭവത്തെ സിനിമയെന്ന മാധ്യമത്തിലൂടെ സംവദിക്കുകയായിരുന്നു 'ദി മദര്‍ ടങ്ക്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ സിന്ധുസാജന്‍. കാഴ്ചയുടെ ഭാഷയല്ല ഭാഷയുടെ കാഴ്ചയാണ് താന്‍ ആവിഷ്‌കരിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിറംപിടിച്ചുള്ള കഥകള്‍ക്കിടയില്‍ മാധ്യമങ്ങള്‍ തഴഞ്ഞ ഇറോം ശര്‍മിളയെയും 'ആസ്പ'യുടെ അധികാര ദുരുപയോഗത്തിന്റെയും നേര്‍ക്കാഴ്ചകള്‍ തുറന്നു കാണിക്കുകയാണ് മഹാതമിഴ് പ്രഭാകരന്‍ 'മണിപൂര്‍ ദി ലാന്‍ഡ് ഓഫ് ടിയേഴ്‌സി'ലൂടെ.
കണ്ണൂരിലെ തെരുവോരങ്ങളില്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരുടെ ദുരിതങ്ങളും ക്ലേശങ്ങളും നേരിട്ട് ക്യാമറയിലൂടെ പകര്‍ത്തിയ സത്യസന്ധമായ കാഴ്ചകളാണ് 'റെഡ്, ഗ്രീന്‍, ബ്ലൂ, യെല്ലോ' എന്ന് സംവിധായകന്‍ ഷെറി ഗോവിന്ദന്‍ പറഞ്ഞു. നിര്‍മ്മാണവും ആസ്വാദനവും ഒരുപോലെ സങ്കീര്‍ണ്ണമായിത്തീര്‍ന്ന ചിത്രമാണ് 'എ പൊയറ്റ് എ സിറ്റി എ ഫുട്‌ബോളര്‍' എന്ന് സംവിധായകന്‍ ജോഷി ജോസഫ് അഭിപ്രായപ്പെട്ടു. സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ആവിഷ്‌കരിച്ച് അവാര്‍ഡ് നേടിയ ഐ.ഡി.എസ്.എഫ്.എഫ്.കെ യിലെ സിനിമകള്‍ക്ക് ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശന സൗകര്യം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കവി മറ്റൊരു കവിയുടെ സൃഷ്ടിയിലേക്കും സര്‍ഗ്ഗാത്മകതയിലേക്കും നടത്തിയ തിരച്ചിലുകളും നിരീക്ഷണങ്ങളുമാണ് 'മറുവിളി' എന്ന ചിത്രം അനാവരണം ചെയ്യുന്നതെന്ന് സംവിധായകന്‍ അന്‍വര്‍ അലി പറഞ്ഞു. തന്റെ ജീവിതചുറ്റുപാടില്‍ കണ്ടുമുട്ടിയ തെരുവ് ബാലികയുടെ നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമാണ് 'കുള്‍ഫി'യിലൂടെ പറഞ്ഞതെന്ന് സംവിധായിക സനോബര്‍ ഖാന്‍ പറഞ്ഞു. അന്യഭാഷയുടെ ആത്മാവ് ഇന്ത്യന്‍ ഭൂഖണ്ഡവുമായി ആഴത്തില്‍ അലിഞ്ഞു ചേര്‍ന്നതിന്റെ അന്വേഷണമാണ് 'ഇംഗ്ലീഷ് ഇന്ത്യ' എന്ന ചിത്രം. ഇംഗ്ലീഷ് ഭാഷയുടെ രാഷ്ട്രീയം ചര്‍ച്ചചെയ്യുകയാണ് സിനിമയെന്നും സംവിധായകന്‍ സ്പന്ദന്‍ ബാനര്‍ജി പറഞ്ഞു. അഭ്രപാളിയില്‍ വില്ലന്റെ രൗദ്രഭാവം തകര്‍ത്താടിയ അമിരീഷ്പുരിയുടെ സുമുഖമായ വ്യക്തിജീവിതത്തെ ആവിഷ്‌കരിക്കുകയാണ് 'ദിസ് ഈസ് ദി മൊമന്റ്' എന്ന് സംവിധായകന്‍ ഋഥിക് ശരത് പറഞ്ഞു.

No comments:

Post a Comment