തിരശ്ശീല വീഴാന്‍ ഒരു ദിനം ബാക്കിനില്‍ക്കെ സിനിമാ പ്രേമികളുടെ സവിശേഷ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് 8-ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി - ഹ്രസ്വചലച്ചിത്രമേള. ആയിരത്തോളം പ്രതിനിധികളാണ് ഇക്കുറി ഹ്രസ്വചലച്ചിത്രമേളയുടെ ഭാഗമായി മാറിയത്. വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 162 അതിഥികളും മേളയുടെ നിറ സാന്നിധ്യമായി. ആറു പേരടങ്ങുന്നതാണ് എട്ടാമത് ഹ്രസ്വചലച്ചിത്രമേളയുടെ ജൂറിവിഭാഗം. നൂറിലധികം സംഘാടകരാണ് മേളയുടെ സുഗമമായ നടത്തിപ്പിനായി അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഡെലിഗേറ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള കൂടുതല്‍ ജനകീയമായതിന്റെ തെളിവാണ്. 35 രാജ്യങ്ങളില്‍ നിന്നുള്ള 15 വിഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് ഈ മേളയില്‍ പ്രദര്‍ശനത്തിനെത്തിയത്.
നാളെ (ജൂണ്‍ 30) വൈകിട്ട് 6ന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപന ചടങ്ങോടെ മേളയ്ക്ക് തിരശ്ശീല വീഴും. ആരോഗ്യവകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ പരിസ്ഥിതി, ഗതാഗത, സിനിമാ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മികച്ച ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്നാഥ്, അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു, സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍,എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
മികച്ച ലോങ് ഡോക്യുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും, മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററിക്കും മികച്ച ഷോര്‍ട്ട് ഫിക്ഷനും 50,000 രൂപ വീതവും പ്രശസ്തിപത്രവും ലഭിക്കും. 25,000 രൂപയും പ്രശസ്തി പത്രവുമാണ് മികച്ച മ്യൂസിക് വീഡിയോയ്ക്കും മികച്ച ആനിമേഷനും നല്‍കുന്നത്. മികച്ച ക്യാംപസ് ചിത്രത്തിന് 20,000 രൂപയും പ്രശംസാ പത്രവും ലഭിക്കും. മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് ഏര്‍പ്പെടുത്തി യിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ നവോഷ് കോണ്‍ട്രാക്ടര്‍. 10,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.
No comments:
Post a Comment