8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Friday 26 June 2015

ചോദ്യങ്ങളുയര്‍ത്താന്‍ മികച്ച മാധ്യമം ഡോക്യുമെന്ററി : ടോം ആള്‍ട്ടര്‍

സമൂഹിക ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ ചോദ്യങ്ങളുയര്‍ത്താന്‍ ഏറ്റവും മികച്ച മാധ്യമം ഡോക്യുമെന്ററികളാണെന്ന് പ്രശസ്ത സിനിമ-നാടക  പ്രവര്‍ത്തകന്‍ ടോം ആള്‍ട്ടര്‍ പറഞ്ഞു. 8-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേള കൈരളി തീയേറ്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചോദ്യങ്ങളുയര്‍ത്താന്‍ മാത്രമേ കലാകാരന്‍മാര്‍ക്കും കലാരൂപങ്ങള്‍ക്കും സാധിക്കൂ, ഉത്തരം കണ്ടത്തേണ്ട കര്‍ത്തവ്യം സമൂഹത്തിന്റേതാണ്.  മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാ ചിത്രങ്ങള്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഹിന്ദി ചലച്ചിത്ര സംസ്‌കാരം കച്ചവട താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നു. കലാരൂപങ്ങളെ സാമ്പത്തികമായി പ്രോത്സാഹിപ്പിക്കേണ്ടത് ഭരണകൂടങ്ങളുടെ കടമയാണ്. എന്നാല്‍ അവയുടെ ആവിഷ്‌കാരത്തില്‍ കൈകടത്താനുള്ള സ്വാതന്ത്ര്യം ഭരണകൂടത്തിനില്ലായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ് ടോം ആള്‍ട്ടറെ പൊന്നാടയും പുരസ്‌കാരവും നല്‍കി ആദരിച്ചു.
അന്തര്‍ദേശീയതലത്തിലെ മികച്ച ഡോക്യുഫിക്ഷനുകള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തിക്കാന്‍ മേള സഹായിക്കുമെന്ന് ചടങ്ങിന് അധ്യക്ഷതവഹിച്ച സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ്‌നാഥ് മേളയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഫെസ്റ്റിവല്‍ ബുക്കിന്റെ പ്രകാശനം കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സാംസ്‌കാരിക ക്ഷേമനിധി ചെയര്‍മാന്‍ ജി. സുരേഷ്‌കുമാറിന് നല്‍കി നിര്‍വഹിച്ചു. ജീവിതത്തെ പച്ചയായി ആവിഷ്‌കരിക്കുകയും പുതു തലമുറയ്ക്ക് അവബോധം നല്‍കുകയും ചെയ്യുന്ന മികച്ച ഡോക്യുമെന്ററികള്‍ നിര്‍മ്മിക്കാനും പ്രാദേശികതലത്തില്‍ ചലച്ചിത്രമേളകള്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ ധനസഹായം നല്‍കേണ്ടത് അനിവാര്യമാണെന്ന് ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം ചെയതുകൊണ്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ഫെസ്റ്റിവല്‍ ബുള്ളറ്റിന്റെ പ്രകാശനം അക്കാദമി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ആര്യാടന്‍ ഷൗക്കത്ത് നിര്‍വഹിച്ചു. ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍ ഏറ്റുവാങ്ങി. അക്കാദമി വൈസ് ചെയര്‍മാന്‍ ജോഷി മാത്യു ചടങ്ങിന് സ്വാഗതവും അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ നന്ദിയും അര്‍പ്പിച്ചു. തുടര്‍ന്ന് ഇംഗ്ലീഷ് ചിത്രമായ ദി ഫോണ്‍ കോളും സ്പാനിഷ് സംവിധായകന്‍ ഷാവിര്‍ എസ്. പധോയുടെ ട്രാന്‍സ് നസ്‌റീനും  പ്രദര്‍ശിപ്പിച്ചു. 

No comments:

Post a Comment