സമകാലീന ജീവിതത്തിന്റെ നേര്‍കാഴ്ചകള്‍ അവതരിപ്പിക്കുന്ന 31 ചിത്രങ്ങളാണ് മേളയുടെ ഒന്നാം ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ 8 എണ്ണം മല്‍സര ചിത്രങ്ങളായിരുന്നു. സ്പാനിഷ് സംവിധായകന്‍ ആല്‍വറോ ഒലിവായുടെ ലോസ്റ്റ് ആന്റ് ഫൗണ്ട്' ആയിരുന്നു ഇന്നലെ (ജൂണ്‍ 26) മേളയില്‍ പ്രദര്‍ശിപ്പിച്ച ആദ്യ ചിത്രം. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെടുന്ന സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ തിരച്ചറിഞ്ഞ് വിശ്വാസ്യത നേടിയെടുക്കാന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥയാണിത്. ഇതേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 'അയാം വിത്ത് ബി.എ', 'ഫൈന്‍ഡിംഗ് ഗാവ്‌സ്റ്റന്‍' എന്നീ ചിത്രങ്ങള്‍ പ്രേക്ഷക ശ്രദ്ധിപിടിച്ചുപറ്റി. ബള്‍ഗേറിയന്‍ സംവിധായകന്‍ ഡിലിന്‍ പാവിലോണിയന്റെ '69' എന്ന ഹ്രസ്വചിത്രം അര്‍ദ്ധരാത്രി സംഭവിക്കുന്ന അപകടവും അതു സൃഷ്ടിക്കുന്ന സാഹചര്യങ്ങളേയും പ്രേക്ഷകന്റെ മുന്നിലെത്തിച്ചു. പത്ര ദൃശ്യമാധ്യങ്ങള്‍ ഉപഭോഗ സംസ്‌കാരം വളര്‍ത്താന്‍ എത്രയേറെ സഹായിക്കുന്നു എന്ന് കമ്പോളത്തിനനുസരിച്ച് അവര്‍ മെനയുന്ന തന്ത്രങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനങ്ങളും പ്രതിപാദ്യ വിഷയമാക്കിയ ജര്‍മ്മന്‍ സിനിമ 'ഹാം ബര്‍ഗര്‍' തിയേറ്ററിനു പുറത്തും ചര്‍ച്ചകള്‍ സൃഷ്ടിച്ച ചിത്രങ്ങളിലൊന്നായിരുന്നു.
കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങളും സങ്കീര്‍ണതകളും പങ്കുവയ്ക്കുന്ന മൂന്നു ചിത്രങ്ങള്‍ ഇന്ന് പ്രദര്‍ശനത്തിനെത്തിയിരുന്നു. പുരുഷന്റെ അവിഹിത ബന്ധങ്ങള്‍ ഒരു ഭാര്യയില്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്ത മാര്‍ത്തിന പ്ലൂറയുടെ 'ചെയിന്‍ ഒഫ് ലൗ' എന്ന ചിത്രവും കുട്ടികളുടെ മനോനിലയെക്കുറിച്ചു പറഞ്ഞ സ്പൂണ്‍ എന്ന ചിത്രവും വ്യക്തിബന്ധങ്ങളുടെ സങ്കീര്‍ണതകള്‍ സൂക്ഷ്മമായി പകര്‍ത്തിയ മിഗില്‍ ഏയ്ഞ്ചല്‍ കാര്‍കനോയുടെ 'ഫിക്ഷന്‍' എന്ന ചിത്രവും പ്രേക്ഷകര്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. മ്യൂസിക് റിയാലിറ്റി വിഭാഗത്തില്‍ ഇന്‍ഡോനേഷ്യന്‍ സംവിധായകന്‍ ഡാനിയല്‍ സിബോയിസ് 'ജലനന്‍' എന്ന ചിത്രം തെരുവില്‍ ജീവിക്കുന്ന സാധാരണക്കാരന്റെ ജീവിതത്തിലേക്ക് വികസനവും കോപ്പറേറ്റ് ശക്തികളും കടന്നു ചെല്ലുമ്പോഴുള്ള ആഘാതങ്ങള്‍ തിരശ്ശീലയില്‍ തുറന്നുകാട്ടി. ഈ വിഭാഗത്തില്‍ ആദിത്യ ഉത്തമയുടെ 'നോയിസ്' എന്ന ചിത്രവും പ്രദര്‍ശനത്തിനെത്തി.
പ്രമുഖമാധ്യമപ്രവര്‍ത്തകനും മനുഷ്യവകാശപ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസ്‌കറിന്റെ ജീവിതം ചിത്രീകരിക്കുന്ന അനില്‍കുമാര്‍ പി.വൈ.യുടെ 'ബൈലൈന്‍ ബൈ ബി.ആര്‍.പി' എന്ന ചിത്രം മലയാളി പ്രേക്ഷകന് ഹൃദ്യമായ അനുഭവമായി. ഷോര്‍ട്ട്ഫിക്ഷന്‍ വിഭാഗത്തില്‍ 'അദൃശ്യം' എന്ന മലയാള ചിത്രം കുന്നിന്‍മുകളില്‍ ഒറ്റയ്ക്കു താമസിക്കുന്ന കുന്നേര്‍ലപ്പൂപ്പന്റെയും രണ്ടു കുട്ടികളുടെയും ജീവിതത്തിലേക്ക് ക്യാമറ തിരിക്കുന്നതിനോടൊപ്പം ചെറുകാര്യങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന സ്‌നേഹധാരയെ കണ്ടെത്താനും സഹായിക്കുന്നു. ഷോര്‍ട്ട് ഡോക്യുമെന്ററി മല്‍സര വിഭാഗത്തില്‍ മലയാള ഡോക്യുമെന്ററിയായ 'സീബ്രാ ലൈന്‍'സും ബംഗാളി ഡോക്യുമെന്ററിയായ 'സ്‌കാറ്റേര്‍ഡ് ക്ലൗഡ്സും' പ്രദര്‍ശനത്തിനെത്തി. ഇരു ഡോക്യുമെന്ററികളും വ്യത്യസ്ത പ്രമേയങ്ങളാണ് ചര്‍ച്ചചെയ്യുന്നതെങ്കിലും കഥയ്ക് ആസ്പദമാകുന്നത് തിരക്കുപിടിച്ച നഗരത്തിന്റെ കാഴ്ചകളും അവിടുത്തെ ജീവിതങ്ങളുമാണ്. വ്യവസായ നഗരമായ കൊച്ചിയിലെ ട്രാഫിക് വാര്‍ഡന്‍മാര്‍ അനുഭവിക്കുന്ന ക്ലേശങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുന്ന സീബ്രാ ലൈന്‍സില്‍ ജോലി സമയത്ത് ആക്രമിക്കപ്പെട്ട ദലിത് സ്ത്രീയായ ട്രാഫിക് വാര്‍ഡന്‍ പത്മിനിയുടെ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്. കൊല്‍ക്കത്തയെന്ന തിരക്കുപിടിച്ച നഗരത്തില്‍ ഏകാന്ത ജീവിതം നയിക്കുന്ന വ്യക്തിയുടെ കഥ 'സ്‌കാറ്റേര്‍ഡ് ക്ലൗഡ്സ്' പറഞ്ഞുവയ്ക്കുന്നു. കൂടാതെ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 'ട്വല്‍ത്ത് അസിസ്റ്റന്റ് ഡിക്കോണ്‍', 'ഗുഡ് ബൈ', ഹ്യൂമന്‍ ഫോം, 'ക്വസ്റ്റ്യന്‍' എന്നീ കൊറിയന്‍ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
No comments:
Post a Comment