8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Saturday 27 June 2015

സംഗീത സമന്വയത്തിനുള്ള ശ്രമമാണ് തന്റെ ചിത്രം : വസുധ ജോഷി

 പാശ്ചാത്യ സംഗീതത്തെ പരമ്പരാഗത വടക്കുകിഴക്കന്‍ ഭാരതീയ സംഗീതവുമായി സമന്വയിപ്പിക്കാനുള്ള പരീക്ഷണമായിരുന്നു തന്റെ മ്യൂസിക്കല്‍ റിയാലിറ്റിയായ 'ടു ക്യാച്ച് ദി വിന്‍ഡ്' എന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ വസുധ ജോഷി പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയോടനുബന്ധിച്ച് കൈരളി തിയേറ്ററില്‍ നടന്ന പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഏറെ സങ്കുചിതവും സങ്കീര്‍ണവുമായ ബലിയപാല്‍ ജീവിതത്തിന് ചലച്ചിത്ര ആവിഷ്‌കാരം നല്‍കാന്‍ സാധിച്ചതാണ് തന്റെ കലാജീവിതത്തിലെ സന്തുഷ്ടമായ ഏട് എന്നവര്‍ കൂട്ടിച്ചേര്‍ത്തു.
ഡോക്യുമെന്ററിയും പത്രവും വ്യത്യസ്ത തലങ്ങളില്‍ നിന്ന് സത്യത്തെ തുറന്നു കാണിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകനും ബൈലൈന്‍ ബൈ ബി.ആര്‍.പി. ഡോക്യുമെന്ററിയുടെ സംവിധായകനുമായ പി.വൈ. അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു. വിവാദ സൃഷ്ടികളായ ഡോക്യുമെന്ററികള്‍ക്ക് പ്രേക്ഷക ശ്രദ്ധ ലഭിക്കുമ്പോള്‍ മറ്റുള്ളവയുടെ ആസ്വാദക സാന്നിധ്യം കുറയും. സാങ്കേതികവിദ്യയുടെ ഫലപ്രദമായ ഉപയോഗം ഡോക്യുമെന്ററികള്‍ക്ക് പ്രേക്ഷക ശ്രദ്ധ നേടിക്കൊടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്റെ രാഷ്ട്രീയം ഡോക്യുമെന്ററികള്‍ പ്രതിഫലിപ്പിക്കുന്നുവെന്ന് 'സീബ്രാലൈന്‍' ന്റെ സംവിധായകന്‍ രാജേഷ് ജയിംസ് പറഞ്ഞു. വര്‍ത്തമാനകാലത്തിന്റെ പരിഛേദമാണ് ഡോക്യുഫിക്ഷനുകള്‍ എന്ന് ഭാഗ്യനാഥ് സി.ജി. അഭിപ്രായപ്പെട്ടു. വികസനത്തിന്റെ മറവിലുള്ള പ്രകൃതി ചൂഷണത്തെ ചോദ്യം ചെയ്യുന്നതാണ് തന്റെ ഡോക്യുമെന്ററിയായ 'ഇന്‍ ഡെയിഞ്ചര്‍ സോണ്‍' എന്ന് അദ്ദേഹം പറഞ്ഞു. നാഗാലാന്‍ഡിലെ നാടോടി ജീവിത പശ്ചാത്തലത്തിലൂടെ കോളനിവല്‍ക്കരണവും മതവും രാഷ്ട്രീയവുമെല്ലാം സമന്വയിപ്പിച്ച് കഥ പറയുകയാണ് 'എവരി ടൈം യൂ ടെല്‍ എ സ്റ്റോറി' എന്ന ഡോക്യുമെന്ററിയുടെ സംവിധായകരായ അമിത് മഹന്തിയും രുചികാ നെഗിയും അഭിപ്രായപ്പെട്ടു. 

No comments:

Post a Comment