8th IDSFFK BLOG

(Maintained by IDSFFK Media Cell)

DOWNLOAD PRESS RELEASE HERE: https://app.box.com/s/3nlmdcko1tlbg4dcbjexa5t7s3dmc851

Tuesday, 30 June 2015

മികച്ച സംഘാടനം കൊണ്ട് സാര്‍ത്ഥകമായ മേള

ഗൗരവപൂര്‍വം ചലച്ചിത്രങ്ങളെ വീക്ഷിക്കുന്ന പ്രേക്ഷകരുടെ സജീവ പങ്കാളിത്തം കൊണ്ടും മികച്ച സംഘാടനം കൊണ്ടും സാര്‍ത്ഥകമായ മേള എന്ന ഖ്യാതിയോടെയാണ് 8-ാമത് രാജ്യാന്തര ഹ്രസ്വചലച്ചിത്രോല്‍സവത്തിന് കൊടിയിറങ്ങുന്നത്. ജൂണ്‍ 26ന് ആരംഭിച്ച മേള 5 ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ കാഴ്ചയുടെ വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ക്കും മൂര്‍ച്ചയേറിയ സംവാദങ്ങള്‍ക്കും മേള വേദിയായി.
വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ 162 അഥിതികളുള്‍പ്പെടെ ആയിരത്തോളം പ്രതിനിധികള്‍ മേളയുടെ ഭാഗമായി. കഴിഞ്ഞവര്‍ഷത്തെക്കാള്‍ ഡെലിഗേറ്റുകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് ഹ്രസ്വചലച്ചിത്രമേള സിനിമാപ്രേമികള്‍ ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നതിന് തെളിവായി. ആറു പേരടങ്ങുന്നതായിരുന്നു 8-ാമത് ഹ്രസ്വചലച്ചിത്രമേളയുടെ വിധി നിര്‍ണ്ണയ സമിതി. 35 രാജ്യങ്ങളില്‍ നിന്നായി എത്തിയ 210 ഓളം ചിത്രങ്ങള്‍ 15 വിഭാഗങ്ങളിലായാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ 72 ചിത്രങ്ങള്‍ സമാനതകളില്ലാത്ത മല്‍സരാവേശമാണ് കാഴ്ചവച്ചത്. വെറുമൊരു കാഴ്ചയ്ക്കപ്പുറം സിനിമയെ ഓരോ സാധാരണക്കാരനും പരിചയപ്പെടുത്തുകയായിരുന്നു ഓരോ ദിനങ്ങളും.
പ്രഗത്ഭരായ സംവിധായകരുമായുള്ള പത്രസമ്മേളനങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സിനിമാ സംവിധായകര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ച മുഖാമുഖവും മേളയെ പ്രേക്ഷകരിലേക്ക് കൂടുതല്‍ ചേര്‍ത്തു നിറുത്തി. സിനിമയുടെ സുപരിചമല്ലാത്ത തലങ്ങളെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന ഒന്നായിരുന്നു ദിവസേന സംഘടിപ്പിച്ച മാസ്റ്റര്‍ ക്ലാസ്. വിവിധ വിഷയങ്ങളെ സംബന്ധിച്ച് പ്രഭഗത്ഭര്‍ ഈ വിഭാഗത്തില്‍ ക്ലാസുകള്‍ നയിച്ചു. കേരളത്തിന്റെ സാംസ്‌കാരിക വൈവിധ്യം വിളിച്ചോതി മലയാളത്തിന്റെ പ്രിയഗാനരചയിതാവ് യൂസഫലികച്ചേരിയുടെ പേരില്‍ നാമകരണം ചെയ്ത കേരള പവലിയനില്‍ അരങ്ങേറിയ കലാപരിപാടികള്‍ മേളയ്ക്ക് കേരളീയ തനിമയേകി.
മേളയെ ജനകീയമാക്കിയതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അനേകം ഘടകങ്ങളെ ഏകീകരം നടന്നത് അക്കാദമിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ച ഫെസ്റ്റിവല്‍ ഓഫീസിലായിരുന്നു. മേളയുടെ ഭാഗമായി പ്രവര്‍ത്തിച്ച മീഡിയാസെന്ററും ഡെലിഗേറ്റുകളുടെ സഹായത്തിനായി പ്രവര്‍ത്തിച്ച ഡെലിഗേറ്റ് സെല്ലും മേളയ്ക്ക് ശക്തിയേകി. ഓരോ ദിനത്തിന്റെയും സവിശേഷതകള്‍ പറഞ്ഞും കഴിഞ്ഞുപോയ ദിവസങ്ങളുടെ വിശേഷങ്ങള്‍ പങ്കുവച്ചും അനുദിനം പ്രേക്ഷകരുടെ കൈകളിലെത്തിയ ഡെയിലി ബുള്ളറ്റിനും മീഡിയാ സെന്ററിന്റെ ഭാഗമായി.

ചെറു ചിത്രങ്ങള്‍ക്ക് പ്രേക്ഷകനുമായി എത്രത്തോളം സംവദിക്കാന്‍ കഴിയുമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടലായിരുന്നു കഴിഞ്ഞുപോയ നാളുകള്‍. മനസും ശരീരവും സിനിമയ്ക്കായി സമര്‍പ്പിച്ച ഒരു കൂട്ടം കാണികള്‍ താല്‍ക്കാലികമായി പടിയിറങ്ങുകയാണ്. അടുത്ത മേളയ്ക്കായി വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ..

No comments:

Post a Comment